Wednesday, November 28, 2012



കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പയ്യാമ്പലം കടല്‍ തീരത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനു മുന്പ്, ഓര്‍മകളില്‍ ഇന്നും  നൊമ്പരമായി അവശേഷിക്കുന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ അദ്ദേഹത്തെ പറ്റി പറയണ്ടിരുന്നാല്‍ അതായിരിക്കും ഏറ്റവും വലിയ കുറവ്.
നെറ്റിനു മുകളില്‍ കുതിച്ചുയര്‍ന്നു എതിരാളിയുടെ ബ്ലോക്കുകള്‍ തകര്‍ക്കുന്ന ജിമ്മി ജോര്‍ജ് ഇന്നില്ല. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിട പറഞ്ഞിട്ട് 30-11-2012നു കാല്‍ നൂറ്റാണ്ട് തികയുന്നു.ഒരു കാലത്ത് വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കം ആയിരുന്നു ജിമ്മിയുടെ ഓരോ സ്മാഷൂകളും. 1980-കളിലെ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കാര്‍മാരില്‍ ഒരാളായ ജിമ്മിയുടെ പേരില്‍ ആയിരുന്നു, മരണകിടക്കയില്‍ ആയിരുന്ന ഇന്ത്യന്‍ വോളിബോള്‍ ഒരുകാലത്ത് ശിരസ്സുയര്‍ത്തി നിന്നത്. ഇന്ത്യന്‍ വോളിയിലെ സമാനതകള്‍ ഇല്ലാത്ത ഇതിഹാസതാരം ആണ് ജിമ്മി ജോര്‍ജ്. പേരാവൂര്‍ സഹോദരന്മാര്‍ക്ക് ഇടയിലെ ഈ ഹീറോ, ജമ്പിംഗ് സെര്‍വും കിടിലന്‍ സ്മാഷൂകളും ആയി കളിക്കളം കൈയടക്കി. പറന്നുപൊങ്ങി വായുവില്‍ നിന്ന് കൊണ്ട് സ്മാഷൂകള്‍ ഉതിര്‍ത്ത ആ അത്ഭുത താരത്തെ ഇറ്റലിക്കാര്‍ ഹെര്‍മിസ് ദേവനോട് ഉപമിച്ചത് വെറുതെ അല്ല. നമുക്ക് നഷട്ടപെട്ടു പോയ സൌഹ്രദ കൂട്ടയ്മയുടെ പ്രസക്തി കൂടി വോളിബോള്‍ ഓര്‍മപെടുത്തുന്നു. 25 വര്‍ഷം പിന്നിട്ടിട്ടും ജിമ്മിയുടെ വേര്‍പാട് കായികപ്രേമികളുടെ ഹൃദയത്തില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു.
                                                          എന്നിട്ടും അദ്ദേഹത്തെ ഓര്‍മ്മിക്കാന്‍ ജന്മനാട്ടില്‍ ഒരു സ്മാരകം ഇല്ല എന്നത് ഒരു പോരായ്മ ആയി അവശേഷിക്കുന്നു. ജിമ്മിയുടെ അകാലനിര്യാണത്തോടെ തൊണ്ടിയില്‍ സെന്റ്‌ ജോസഫ്‌ ഹൈസ്കൂള്‍ ഗ്രൌണ്ടിനു ജിമ്മി ജോര്‍ജ് സ്മാരക സറ്റെഡിയം എന്ന് പേര് നല്‍കുകയുണ്ടായി. 2008 മുതല്‍ ആണ് ഈ സറ്റെഡിയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. അസ്വരസ്യങ്ങള്‍ ഈ സ്വപ്നത്തെ പിറകോട്ട് വലിച്ചെങ്കിലും ഒടുവില്‍ സിന്‍തെറ്റിക് ട്രാക്ക് ഉള്‍പടെ ഉള്ള ഒരു അന്താരാഷ്ട്ര സ്റ്റെഡിയം എന്ന കായിക കേരളത്തിന്റെ സ്വപനം വീണ്ടും കടന്നു വന്നു ഇത്തവണത്തെ കേരള ബട്ജെറ്റിലൂടെ. 4 ഘട്ടങ്ങള്‍ ആയിട്ടാണ് പണി നടക്കുക.
ഒന്നാം ഘട്ടത്തില്‍ മണ്‍ട്രാക്കും പവലിയനും നിര്‍മിക്കാനും രണ്ടാം ഘട്ടത്തില്‍ സ്പോര്‍ട്സ് ഹോസ്റ്റലും മൂന്നാം ഘട്ടത്തില്‍ ഗാലറിയും അണ്ടര്‍ ഗ്രൌണ്ടും നിര്‍മ്മിക്കാനും നാലാം ഘട്ടത്തില്‍ സിന്‍തെറ്റിക് ട്രാക്ക് ആയി ഉയര്‍ത്താനും ഉള്ള പദ്ധതി ആണ് അംഗീകാരം ആയിരിക്കുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇതിനു 7 കോടി രൂപ ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭനടപടികള്‍ പൂര്‍ത്തിയായതായി ആണ് വിവരം.
പുതിയ പ്രഭാതങ്ങള്‍ക്ക് ഒപ്പം വോളിബോള്‍ കോര്‍ട്ടുകള്‍ ഉണര്‍ന്നു തുടങ്ങി. എന്നാല്‍ പേരാവൂരിലെ കാണികള്‍ നിരാശരാണ് ഒപ്പം കേരളത്തിന്റെയും. ഇത്തവണ എങ്കിലും ജിമ്മി ജോര്‍ജ് അന്താരാഷ്ട്ര സ്റ്റെഡിയം നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ ആണ് കായിക കേരളം കാത്തിരിക്കുന്നു.

Friday, November 23, 2012

അറക്കല്‍

സെന്റ്‌ ആഞ്ചലോസ് കോട്ടയില്‍നിന്നും നമ്മള്‍ യാത്ര തുടരുന്നു, കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയ അറക്കല്‍ രാജവംശത്തിന്റെ ആസ്ഥാനമായ അറക്കല്‍ കെട്ട് ആണ് ഇന്നത്തെ നമുടെ ആദ്യ ലക്‌ഷ്യം. ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കണ്ണൂരിലെ മുസ്ലിം രാജാവായിരുന്ന അലി രാജ ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ കൊട്ടാരമാണ് അറക്കൽ കൊട്ടാരം അഥവാ അറക്കല്‍ കെട്ട്.  ആൺ പെൺ ലിംഗ വ്യത്യാസമില്ലാതെ ഭരണം കൈമാറിയിരുന്ന ചുരുക്കം ചില രാജവംശങ്ങളില്‍ ഒന്നാണ് അറക്കല്‍ എന്നത്, ഈ രാജകുടുംബത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തം ആക്കുന്നു. സ്വന്തം നാട്ടിലാണെങ്കിലും ഒരു മുത്തശി കഥയില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നു അറക്കല്‍ കെട്ട് ചിലര്‍ക്ക്.എന്നാല്‍ അതിന്റെ ചരിത്രപ്രാധാന്യം മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് ആകുന്നില്ല എന്ന് നിസമശയം പറയാം. വില്യം ലോഗന്റെ മലബാര്‍ മാനുവലിലും ഇതേ പറ്റി പരാമര്‍ശം ഉണ്ട്. അന്നത്തെ അറക്കല്‍ ദര്‍ബാര്‍ ഹാളും ഓഫീസും ഒക്കെ ഇന്ന് പുരാവസ്തു വകുപ്പ് മ്യൂസിയം ആക്കി മാറ്റി പുനരുധരിച്ചിരിക്കുന്നു. 400-ഉം 200-ഉം വര്‍ഷം പഴക്കം ഉള്ള ഉരുപ്പടികളിലും അറക്കല്‍ രാജവംശത്തിന്റെ പ്രൌഡി വിളിച്ചോതുന്ന രേഖകളിലും വസ്തുക്കളിലും ഒരു ചരിത്രന്വേഷിയുടെ കണ്ണുകള്‍ ഉടക്കിപോയില്ലെങ്കിലെ അതിശയം ഉള്ളു.
                                                       ആദ്യത്തെ അറക്കല്‍ ബിബിയുടെ ഓര്‍മയ്ക്ക് കാലാകാലങ്ങള്‍ ആയി കത്തിച്ച് വെച്ചിരുന്ന തമ്പുരാട്ടി വിക്കും അതിന്റെ പിന്നിലെ വിശ്വാസങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ കണ്ണില്‍ വെറും വില കുറഞ്ഞ ആചാരങ്ങള്‍ മാത്രം. ഈ വിളക്ക് അഞ്ഞാല്‍ അത് ലോകാവസാനം ആണെന്ന് ഒക്കെ വിശ്വസിച്ച് പോന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. റോഡരികില്‍ ഉള്ള പല കെട്ടിടങ്ങളും അറക്കല്‍ കെട്ടിന്റെ ഭാഗം തന്നെ ആണ് ഇത് ഇന്നാകട്ടെ മീന്‍ കൂടകള്‍ വെക്കാനുള്ള സംഭരണ ശാല ആണ്. കേരളത്തിന്റെ ഏക മുസ്ലിം രാജവംശത്തിന്റെ ഇപ്പോള്‍ ഉള്ള തിരുശേഷിപ്പുകളിലും ആ ജീര്‍ണത തന്നെ ആണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ കാണിക്കുന്ന ഈ കെടുകാര്യസ്തത, ചരിത്രത്തോട് ഉള്ള അനാദരവ് ആയി മാത്രമേ കാണാന്‍ ഒക്കൂ. കണ്ണൂര്‍ സന്ദര്‍ശിക്കുന്ന ഏതൊരു ചരിത്രന്വേഷിയുടെയും കണ്ണുകള്‍ ആദ്യം എത്തുക ഈ കൊട്ടാര വാതില്‍ക്കല്‍ ആയിരിക്കും. ഇന്ന് ഇവിടം അറിയപ്പെടുന്ന ഒരു
മ്യൂസിയങ്ങളില്‍ ഒന്നാണ്. മറ്റൊരു അത്ഭുതപെടുത്തുന്ന വസ്തുത ബ്രിട്ടീഷ്‌ ഇന്ത്യ സര്‍ക്കാര്‍ അറക്കലിനു നല്‍കിയിരുന്ന മാലിഖാന്‍ (പാരമ്പര്യ പെന്‍ഷന്‍) ഇന്നും ഭാരത സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്. ഒടുവില്‍ ഇപ്പോഴത്തെ അറക്കല്‍ ആദിരാജാ സൈനബ ആയിഷ ബിബിയുടെ കൊട്ടാരത്തില്‍ നിന്നും നമ്മള്‍ യാത്ര ആകുന്നു, സൂര്യഗോളത്തെ പാതി വിഴുങ്ങിയ അറബികടല്‍ നമ്മെ നോക്കി ഗരജിക്കുന്നു...
എപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങളും ഇവിടേയ്ക്ക് വരൂ... ചരിത്രത്തിന്റെ എടുകളിലൂടെ സഞ്ചരിക്കാന്‍...  നമ്മള്‍ അറിയാത്ത , നമ്മളെഅറിയാത്ത ഒരുപാടു പേരുടെയും കാലടിപ്പാടുകള്‍ വീണ ഒരു മണല്‍ പരപ്പിലെയ്ക്ക് 

നാളെ യാത്രയാകാം...... 



 ഫയല്‍ ചിത്രം നിലം പൊത്തിയ അറക്കല്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം

             

കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയുന്നു ഈ ചരിത്ര സ്മാരകം                                           

Thursday, November 22, 2012

സെന്റ്‌ ആഞ്ചലോസ് കോട്ട..

ഇന്നത്തെ നമ്മുടെ യാത്ര, കൈത്തറിയുടെയും ബീഡിയുടെയും നാടായ കണ്ണൂരിന്റെ ചരിത്രം ഉള്‍കൊണ്ട്കൊണ്ട്, പിന്നിട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകൾആയി, ഇന്നും അതെ കരുത്തോടെ അറബികടലിന്റെ തിരമാലകളെ സ്വയം ഏറ്റുവാങ്ങി,  മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിനുകാവല്‍ എന്നോളം നില്‍കുന്ന കണ്ണൂര്‍ കോട്ട എന്ന് വിളിക്കുന്ന സെന്റ്‌ ആഞ്ചലോസ് കോട്ട..  കന്റ്റ്ന്മേന്റ്റ് ഭാഗത്ത് കൂടി തണല്‍ വീണ വഴിയിലൂടെ ആണ് പ്രവേശിക്കുന്നത്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. ആദ്യത്തെ പോര്‍ട്ടുഗീസ് വൈസ്രോയി ഫ്രാന്‍സിസ്കോ ഡി അല്‍മേഡ 1505-ലാണ് ഈ ചെങ്കല്‍ വിസ്മയം നിര്‍മിച്ചത്. ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്. 1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍ അറക്കല്‍രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.
                                                              ത്രികോണആകൃതിയില്‍ ആണ് കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്. കടല്‍ തീരത്ത് ഉള്ള വലിയ പാറയ്ക്ക് മുകളില്‍ പണി തീര്‍ത്ത ഈ ചെങ്കല്‍ വിസമയത്തില്‍  നിന്ന് നോക്കിയാല്‍ അകലെ  തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് കാണാം മാപ്പിള ബേ എന്നറിയപ്പെടുന്ന മത്സ്യബന്ധന തുറമുഖം. ഒരു പക്ഷേ വളരര ആകര്‍ഷണം ആയീ തോന്നുനത് യൂറോപ്യന്‍ അധിനിവേശത്തിന്റെ സ്മാരകങ്ങളായി അറബിക്കടലിലേക്ക് നോക്കി നില്‍ക്കുന്ന പീരങ്കികള്‍ ‍തന്നെ. മറ്റൊരു ചരിത്രം പറയുന്നു സെന്റ്‌ ആഞ്ചലോസ് കോട്ടയുടെ നിര്‍മിതിയുടെ പിന്നില്‍ വാസ്കോ ഡ ഗാമയുടെ കൈകള്‍ ആണെന്ന്. ചരിത്രം ഏതായാലും ഒരുപാട് ദുരുഹതകള്‍ ഒളിപ്പിക്കുന്നു ഈ കോട്ടയില്‍. കോട്ടയ്ക്കകത്തെ നെടുനീളന്‍ കുതിരലായം ഇന്നും ഒരു വിസ്മയം തന്നെ സഞ്ചാരികള്‍ക്ക്. കോട്ടയ്ക്ക് ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും അത് 21 കിലോമീറ്റര്‍ തെക്കുള്ള തലശ്ശേരിക്കോട്ട വരെ നീളുന്നുണ്ടെന്നുമൊക്കെപഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇത് അന്വേഷിച്ച് ഇന്ന് ചെന്നാല്‍ തുരങ്കത്തിന്റെ മുഖഭാഗം പോലും ദൃശ്യമല്ല. എന്നിരുന്നാലും ഓരോ തവണയും മാറികൊണ്ടിരിക്കുന്ന കാഴ്ചകൾ സഞ്ചാരികളെ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നു. ഉയരത്തില്‍ പൊങ്ങി നില്‍കുന്ന കൊടിമരം ഇന്നും അതെ പടി നിലനിര്‍ത്തിയിരിക്കുന്നു. എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍‌തരികള്‍ക്കും ? യൂറോപ്യന്‍ നിര്‍മിതികളുടെ തനിമ കെടാതെ ഇന്നും സെന്റ്‌ ആഞ്ചലോസ് കോട്ട കരുത്താര്‍ജ്ജിച്ച് നില്‍ക്കുന്നു. കണ്ണൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ സെന്റ്‌ ആഞ്ചലോസ് കോട്ടയുടെ ഇടനാഴികള്‍ക്ക് അനുഭവവേധ്യം ആയില്ലങ്കില്‍ അതൊരു തീരനഷട്ടം എന്നല്ലാതെ ഈയുള്ളവന് പറയാന്‍ ഇല്ല....  നമുക്ക് മടങ്ങാന്‍ സമയമായി അടുത്ത ലക്ഷ്യസ്ഥാനം തേടി....

"പ്രായമായേറെ യെങ്കിലും 
പ്രൌഡിക്ക്  കുറവില്ല
പൂര്‍വ്വ ദിക്ക്മുഖം നോക്കി
ശാന്ത ഗാഭീര്യ ത്താലേ
നില്‍ക്കുമാ സെന്റ്‌ ആഞ്ചലോസ്
മറയാന്‍ തുടങ്ങവേ
പടികള്‍ ഓരോന്നായ് ഞാന്‍
ഇറങ്ങി നടക്കവേ
അറിയാതൊന്നു കൂടി
തിരിഞ്ഞൊന്നു നോക്കീടവേ
കോട്ട വാതിലില്‍ ആരോ
മാടി വിളിക്കും പോലെ........"








വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് കാശുവാങ്ങാത്ത അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് കണ്ണൂർ കോട്ട.കണ്ണൂർ ടൌണിൽ നിന്നും 2.5 കിലോമീറ്റർ ദൂരം.രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കോട്ടയ്ക്കുള്ളിൽ പ്രവേശനം.മുഴുവൻ സമയവും കോട്ടയ്ക്കുള്ളിൽ ടൂറിസം പോലീസിന്റെ സേവനം ലഭ്യമാണ്.പ്രവേശനം തികച്ചും സൗജന്യം.
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക്   ആരംഭിക്കും.
                                                      

നമ്മള്‍ യാത്ര തുടങ്ങുന്നു

നമ്മള്‍ യാത്ര തുടങ്ങുന്നു, കണ്ണൂര്‍ ആകുന്ന രാഷ്ട്രീയ തലസ്ഥാനത്ത് നിന്നും തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിലൂടെ, കൈത്തറിയുടെയും കൈക്കരുത്തിന്റെയും നാട്ടിലൂടെ... കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് രണ്ടാമത് സ്ഥിതി ചെയുന്ന കണ്ണൂരിനു പറയാന്‍ ഒരുപാടുണ്ട്... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂര്‍ എന്നും ഒരു ചെങ്കോട്ട ആയിരുന്നു.എന്നാല്‍ രാഷ്ട്രീയകാലാവസ്ഥകള്‍ക്ക് അനുസരിച്ച് ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ കണ്ണൂര്‍ മാറികൊണ്ട് ഇരുന്നു. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവതാംകൂര്‍ സംസ്കാരം പുലർത്തുന്നു. വടക്കുഭാഗത്ത് കാസര്‍ഗോഡ് ജില്ലയും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും വയനാട് ജില്ലയും, തെക്കുഭാഗത്ത് വയനാട്, കോഴിക്കോട് ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും കണ്ണൂരിനെ വേര്‍തിരിച്ച് നിറുത്തി. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.6% ഉള്ള കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങനെ   9 ബ്ളോക്കുപഞ്ചായത്തുകളാണ് ഉള്ളത്. 81 ഗ്രാമപഞ്ചായത്തുകളും 129 വില്ലേജുകളും സ്ഥിതി ചെയുന്ന കണ്ണൂരില്‍ 6  മുനിസിപ്പാലിറ്റികളുംഉണ്ട് എന്നത് കണ്ണുരിന്റെ വികസനസ്വപങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തീരപ്രദേശവും, വനപ്രദേശങ്ങളും, മലനാടും, ഇടമലനാടും എല്ലാം ഇടകലര്‍ന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ഒരു യാത്ര...
                                                  കണ്ണന്റെ ഊരും അല്ലെങ്കില്‍ കാനനംപുഴ ഒഴുകിയ കാനത്തൂര്‍ ഗ്രാമവുംകണ്ണൂര്‍ആയിമാറി എന്നവിശ്വാസം ഇന്ന് നിലനിന്നുപോരുന്നു. അതിനിടെ വിസ്മരിക്കപെട്ട് ചില അറിവുകളിലെയ്ക്ക് കണ്ണോടിച്ചതിനു ശേഷം യാത്ര ആരംഭിക്കാം. പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നുകണ്ണൂര്‍.  ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി. 

Sunday, November 18, 2012

കണ്ണൂര്‍:ഒരു എത്തിനോട്ടം

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികചരിത്രത്തില്‍ അതിശക്തമായ പങ്കു വഹിച്ച കണ്ണൂര്‍. തെയ്യങ്ങളുടെ, തിറകളുടെയും തറികളുടെയും നാട്. എന്തിനെയും വൈകാരികമായേ കാണൂ എന്നൊരു കുഴപ്പമുണ്ട് നാട്ടുകാര്‍ക്ക്. രാഷ്ട്രീയവും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ഇത്തിരി പേടിക്കുകയും വേണം. അത്യാവശ്യം വെട്ടും കുത്തുമൊക്കെ നടക്കുന്ന അങ്കത്തട്ടുകളാണ് പലപ്പോഴും പെരുവഴികള്‍. കയ്യൂക്കിന്റെയും ചോരമണത്തിന്റെയും രാഷ്ട്രീയം പക്ഷേ സഞ്ചാരികള്‍ക്ക് ഇവിടെയൊരു തടസ്സമല്ല. വായനക്കാര്‍ക്ക് കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ അഭിരുചി മനസ്സിലാകേണ്ടതാണ്. കരുത്തുറ്റ മനുഷ്യര്‍, എവിടെയും കൂട്ടായ്മ, സ്‌നേഹത്തിനും വെറുപ്പിനും മേമ്പൊടിയായി നേരത്തേ പറഞ്ഞ വൈകാരികത.കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമം പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു എന്ന് ഒരു അഭിപ്രായം. കണ്ണന്റെ ഊരായ കണ്ണന്നൂര്‍ ലോപിച്ച് കണ്ണൂരായെന്നും ചിലര്‍ വിശ്വസിക്കുന്നു.ഇവയില്‍ ഏതായാലും കണ്ണൂര്‍ ജില്ല നിറയെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പയ്യാമ്പലം ബീച്ച്, സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ട, തലശ്ശേരി കോട്ട, മാടായിപ്പാറ, പഴശ്ശി ഡാം, ധര്‍മ്മടം തുരുത്ത്, മലയാള കലാഗ്രാമം, ഏഴിമല, ആറളം ഫാം, അറയ്ക്കല്‍ കൊട്ടാരം, കൊട്ടിയൂര്‍ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി ചരിത്രവും വിശ്വാസവും മനോഹാരിതയും മയങ്ങിക്കിടക്കുന്ന നിരവധി കേന്ദ്രങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മിക്കവയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെങ്കിലും മലയാളിക്ക് എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. നമുക്ക് യാത്ര ആരംഭിക്കാം... ഇവിടെ തുടങ്ങുന്നു.....