Thursday, November 22, 2012

സെന്റ്‌ ആഞ്ചലോസ് കോട്ട..

ഇന്നത്തെ നമ്മുടെ യാത്ര, കൈത്തറിയുടെയും ബീഡിയുടെയും നാടായ കണ്ണൂരിന്റെ ചരിത്രം ഉള്‍കൊണ്ട്കൊണ്ട്, പിന്നിട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകൾആയി, ഇന്നും അതെ കരുത്തോടെ അറബികടലിന്റെ തിരമാലകളെ സ്വയം ഏറ്റുവാങ്ങി,  മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിനുകാവല്‍ എന്നോളം നില്‍കുന്ന കണ്ണൂര്‍ കോട്ട എന്ന് വിളിക്കുന്ന സെന്റ്‌ ആഞ്ചലോസ് കോട്ട..  കന്റ്റ്ന്മേന്റ്റ് ഭാഗത്ത് കൂടി തണല്‍ വീണ വഴിയിലൂടെ ആണ് പ്രവേശിക്കുന്നത്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. ആദ്യത്തെ പോര്‍ട്ടുഗീസ് വൈസ്രോയി ഫ്രാന്‍സിസ്കോ ഡി അല്‍മേഡ 1505-ലാണ് ഈ ചെങ്കല്‍ വിസ്മയം നിര്‍മിച്ചത്. ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്. 1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍ അറക്കല്‍രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.
                                                              ത്രികോണആകൃതിയില്‍ ആണ് കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്. കടല്‍ തീരത്ത് ഉള്ള വലിയ പാറയ്ക്ക് മുകളില്‍ പണി തീര്‍ത്ത ഈ ചെങ്കല്‍ വിസമയത്തില്‍  നിന്ന് നോക്കിയാല്‍ അകലെ  തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് കാണാം മാപ്പിള ബേ എന്നറിയപ്പെടുന്ന മത്സ്യബന്ധന തുറമുഖം. ഒരു പക്ഷേ വളരര ആകര്‍ഷണം ആയീ തോന്നുനത് യൂറോപ്യന്‍ അധിനിവേശത്തിന്റെ സ്മാരകങ്ങളായി അറബിക്കടലിലേക്ക് നോക്കി നില്‍ക്കുന്ന പീരങ്കികള്‍ ‍തന്നെ. മറ്റൊരു ചരിത്രം പറയുന്നു സെന്റ്‌ ആഞ്ചലോസ് കോട്ടയുടെ നിര്‍മിതിയുടെ പിന്നില്‍ വാസ്കോ ഡ ഗാമയുടെ കൈകള്‍ ആണെന്ന്. ചരിത്രം ഏതായാലും ഒരുപാട് ദുരുഹതകള്‍ ഒളിപ്പിക്കുന്നു ഈ കോട്ടയില്‍. കോട്ടയ്ക്കകത്തെ നെടുനീളന്‍ കുതിരലായം ഇന്നും ഒരു വിസ്മയം തന്നെ സഞ്ചാരികള്‍ക്ക്. കോട്ടയ്ക്ക് ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും അത് 21 കിലോമീറ്റര്‍ തെക്കുള്ള തലശ്ശേരിക്കോട്ട വരെ നീളുന്നുണ്ടെന്നുമൊക്കെപഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇത് അന്വേഷിച്ച് ഇന്ന് ചെന്നാല്‍ തുരങ്കത്തിന്റെ മുഖഭാഗം പോലും ദൃശ്യമല്ല. എന്നിരുന്നാലും ഓരോ തവണയും മാറികൊണ്ടിരിക്കുന്ന കാഴ്ചകൾ സഞ്ചാരികളെ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നു. ഉയരത്തില്‍ പൊങ്ങി നില്‍കുന്ന കൊടിമരം ഇന്നും അതെ പടി നിലനിര്‍ത്തിയിരിക്കുന്നു. എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍‌തരികള്‍ക്കും ? യൂറോപ്യന്‍ നിര്‍മിതികളുടെ തനിമ കെടാതെ ഇന്നും സെന്റ്‌ ആഞ്ചലോസ് കോട്ട കരുത്താര്‍ജ്ജിച്ച് നില്‍ക്കുന്നു. കണ്ണൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ സെന്റ്‌ ആഞ്ചലോസ് കോട്ടയുടെ ഇടനാഴികള്‍ക്ക് അനുഭവവേധ്യം ആയില്ലങ്കില്‍ അതൊരു തീരനഷട്ടം എന്നല്ലാതെ ഈയുള്ളവന് പറയാന്‍ ഇല്ല....  നമുക്ക് മടങ്ങാന്‍ സമയമായി അടുത്ത ലക്ഷ്യസ്ഥാനം തേടി....

"പ്രായമായേറെ യെങ്കിലും 
പ്രൌഡിക്ക്  കുറവില്ല
പൂര്‍വ്വ ദിക്ക്മുഖം നോക്കി
ശാന്ത ഗാഭീര്യ ത്താലേ
നില്‍ക്കുമാ സെന്റ്‌ ആഞ്ചലോസ്
മറയാന്‍ തുടങ്ങവേ
പടികള്‍ ഓരോന്നായ് ഞാന്‍
ഇറങ്ങി നടക്കവേ
അറിയാതൊന്നു കൂടി
തിരിഞ്ഞൊന്നു നോക്കീടവേ
കോട്ട വാതിലില്‍ ആരോ
മാടി വിളിക്കും പോലെ........"








വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് കാശുവാങ്ങാത്ത അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണ് കണ്ണൂർ കോട്ട.കണ്ണൂർ ടൌണിൽ നിന്നും 2.5 കിലോമീറ്റർ ദൂരം.രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് കോട്ടയ്ക്കുള്ളിൽ പ്രവേശനം.മുഴുവൻ സമയവും കോട്ടയ്ക്കുള്ളിൽ ടൂറിസം പോലീസിന്റെ സേവനം ലഭ്യമാണ്.പ്രവേശനം തികച്ചും സൗജന്യം.
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക്   ആരംഭിക്കും.
                                                      

No comments:

Post a Comment